തിരുനെല്ലിയിലെ അവധിക്കാലം

• അമൃത

ഓരോ യാത്രയും മനസ്സിനെ സന്തോഷനിര്‍ഭരമാക്കാന്‍ സഹായിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നു ഒരു മോചനമെന്ന നിലയില്‍ എന്റെ അവധിക്കാലം തിരുനെല്ലിയില്‍ ചിലവഴിച്ചു. അതു എന്റെ അമ്മയുടെ നാടാണ്. അമ്മ ജനിച്ച, അമ്മയെ വളര്‍ത്തിയ നാട്. അമ്മയ്ക്ക് ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയായിരുന്നു ഈ അവധിക്കാലം. എനിക്ക് അമ്മയുടെ തറവാടും കുടുംബക്ഷേത്രവും സ്‌കൂളും കാണാനുള്ള ഒരു അവസരവും.

കാനനനിഗൂഢതകളിലേക്കുള്ള ആ തിരിച്ചുപോക്ക് ആകാംക്ഷയും അതിലേറെ സന്തോഷവുമായിരുന്നു മനസ്സില്‍ നിറച്ചത്. തിരുനെല്ലി പെരുമാളിനെ കാണാന്‍ പോകുന്നതിന്റെ ആനന്ദവും യാത്രയിലുടനീളം എനിക്ക് കൂട്ടുണ്ടായിരുന്നു.

ഇത്തവണത്തെ വിഷു ഏറെ സവിശേഷത നിറഞ്ഞതായിരുന്നു. കസിന്‍സ്സിന്റെ ഒത്തുച്ചേരല്‍ക്കൂടിയായിരുന്നു ഈ വിഷുക്കാലം. പുണ്യനദിയായ കാളിന്ദിയില്‍ മുങ്ങിക്കുളിച്ചതും ശ്രീകൃഷ്ണ പാദസ്പര്‍ശത്താല്‍ പുണ്യമായ ശിലയില്‍ തൊട്ടുവണങ്ങിയതും ഇന്നെന്റെ മനസ്സിലെ നനുത്ത ഓര്‍മ്മകളാണ്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനിയും എന്റെ കണ്ണുകളെ കുളിര്‍പ്പിച്ച ഒരനുഭവമായിരുന്നു.

മടക്കയാത്ര ബാണാസുരസാഗറിലേക്കുള്ളതായിരുന്നു. ധാരാളം വിനോദസഞ്ചാരികള്‍ക്കിടയില്‍ സ്വന്തം നാടിന്റെ നേട്ടത്തില്‍ ഞാനൊന്നഹങ്കരിച്ചു. കാഴ്ചയുടെ പുത്തന്‍ വസന്തമായിരുന്നു ഇത്തവണത്തെ ബാണാസുരപുഷ്‌പോത്സവം 2018.

ഇനിയൊരു കാത്തിരിപ്പാണ്. മഴകാത്തുനില്‍ക്കുന്ന വേഴാമ്പലിനെപ്പോലെ, അടുത്ത വേനലവധിയ്ക്കായി എന്റെ കാത്തിരിപ്പ്