മധുരിക്കുന്ന ഓര്‍മ്മകളിലൂടെ കടന്നുപോയ അവധിക്കാലം

• ആതിര ബി
 
ഓര്‍മ്മകള്‍ മധുരിക്കുമെന്ന് പറയുന്നത് വളരെ ശരിയാണ്. എന്റെ ഓര്‍മ്മകളില്‍ അവധിക്കാലം എപ്പോഴും മധുരം നിറഞ്ഞതാണ്. മാമ്പൂവിന്റെ സുഗന്ധം പരക്കുമ്പോഴേ പച്ചമാങ്ങുടെ ഉപ്പുകൂട്ടി തിന്ന രുചിയും നാവിലേക്ക് ഓടിയെത്തുമായിരുന്നു. കല്ലെറിഞ്ഞും വടിയില്‍ പിടിച്ചു കുലുക്കിയും അള്ളിപ്പിടിച്ച് മരത്തില്‍ കയറി പറിച്ചെടുത്തുമൊക്കെ പുളിയുറുമ്പിന്റെ വേദനിപ്പിക്കുന്ന കടിയോടൊപ്പം മനസിലേക്കോടിയെത്തുന്നു. മാങ്ങ പഴുത്ത് പാകമാകുംവരെ കൂട്ടുകാര്‍ക്കൊപ്പം കാത്തിരിപ്പായിരിക്കും. ഒരു കാറ്റടിച്ചാല്‍ നാലുഭാഗത്തുനിന്നും വീഴുന്ന മാമ്പഴം പെറുക്കാന്‍ പിന്നെ മത്സരിക്കുമായിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ കിട്ടിയതാര്‍ക്ക് കുറഞ്ഞതാര്‍ക്ക് ഈ കണക്കെടുപ്പും വീതിക്കലുമായിരിക്കും പിന്നീട്. കുശുമ്പും സ്വാര്‍ത്ഥതയുമൊക്കെ കുറച്ചൊക്കെ ഉള്ളിലുണ്ടെങ്കിലും ചങ്ങാതിമാരൊത്ത് പങ്കിട്ടെക്കുന്നൊരു സുഖം അതൊന്നുവേറെ തന്നെയാണ്.
 
മുറിച്ചുതിന്നാനുള്ള ക്ഷമപോലും ബാക്കിവെക്കാതെ മുഴുവനായും കടിച്ചു തിന്നുന്നത് ഞങ്ങളുടെയൊരു മെയില്‍ ഹോബിയാണ്. മാമ്പഴച്ചാറ് ഒലിപ്പിച്ചും കുപ്പായത്തില്‍ തോര്‍ത്തിയും അത് തിന്നുതീര്‍ക്കുന്ന നിമിഷത്തില്‍ വല്ലാത്തൊരനുഭൂതിയാണ്. മധുരംനിറഞ്ഞ മണവും ചുണ്ടിലൊളിപ്പിച്ച് സന്ധ്യാനേരത്ത് വീട്ടിലേക്ക് കയറിവരുമ്പോള്‍ ചീത്തപറയുന്ന അമ്മയുടെ നാവിലും കൊതിയൂറുന്നത് കണ്ടെത്താന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.
 
പിന്നീടുള്ള ദിനങ്ങള്‍ കടന്നുവരുന്നത് തെയ്യത്തിന്റെയും വെടിക്കെട്ടിന്റേയുമൊക്കെ ആഘോഷത്തിമിര്‍പ്പോടൊപ്പമായിരിക്കും. കാവിലെ പുളിയന്‍ തെയ്യത്തിന്റെ കുസൃതി നിറഞ്ഞ ആട്ടവും ഞങ്ങടെ കൂക്കിവിളിയും ഓട്ടവുമൊക്കെ മറക്കാനാവാത്ത നിമിഷമാണ്. ചൂട്ടില്‍ കത്തിയാടുന്ന നീയും വീശി കണ്ണുരുട്ടി പേടിപ്പിക്കുമ്പോള്‍ അറിയാതെ ഉള്ളിലൊരു വിറവരാറുണ്ട്. എത്രയൊക്കെ ധൈര്യം സമ്പാദിച്ചുവെച്ചാല്‍ പോലും അന്നദാനത്തിനുവേണ്ടിയുള്ള തിക്കുംതിരക്കും ഉന്തും തള്ളുമൊക്കെ എല്ലാവര്‍ഷവും മുടങ്ങാതെ നടന്നുപോകുന്ന ഒരു ആചാരം തന്നെയാണ്. എല്ലാറ്റിനുമൊടുവില്‍ കിട്ടുന്ന രുചിയേറിയ ചോറും കറിയും നാവിലെന്നും കൊതിയൂറി ഇരിക്കുന്നത് തന്നെയാണ്. വയറുനിറഞ്ഞാല്‍ വിട്ടുകൊടുക്കില്ല എന്ന ഭാവത്തില്‍ പൈസ സംഘടിപ്പിച്ച് കൂട്ടുകാര്‍ക്കൊത്ത് ഐസ്‌ക്രീം നുണയുന്നതും പതിവ് ശീലം തന്നെയാണ്. അവിടെ മറക്കാനാവാത്ത, മധുരം കലര്‍ന്ന സുന്ദരനിമിഷങ്ങള്‍ എനിക്കും എന്റെ ചങ്ങാതിമാര്‍ക്കും നിലനില്‍ക്കുന്നു.
 
ഇങ്ങനെ മധുരിക്കുന്ന ഒരുപിടി ഓര്‍മ്മകളിലൂടെയാണ് എന്റെ ഓരോ അവധിക്കാലവും കടന്നുപോകുന്നത്.