പാടത്തെ ഫുട്ബോള്‍ കളിയും തോട്ടിലെ കുളിയും

. സഹീദ് കെ.എച്ച്

ക്രിക്കറ്റ്മാത്രം കളിച്ചുകൊണ്ടിരുന്ന മൊയ്തുക്കാന്റെ പാടത്ത് ആദ്യമായി ഞങ്ങള്‍ ഫുട്ബോള്‍ കളിച്ചു. ഷാനവാസായിരുന്നു അതിന് കാരണം. അവന്റെ ബാപ്പ ഖത്തറില്‍ നിന്ന് വരുമ്പോള്‍ കൊണ്ട് വന്ന ഫുട്ബോളില്‍ കാറ്റ് നിറച്ചാണ് ഞങ്ങള്‍ ആദ്യമായി എന്റെ നാട്ടില്‍ ഫുട്ബോള്‍ കളിക്കുന്നത്. ഓരോ ദിവസവും കളിക്കാന്‍ ആളുകള്‍ കൂടികൂടി വന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളായി ഫുട്ബോള്‍ കളിക്കാന്‍.

കളികഴിഞ്ഞ് കുളത്തിലെ കുളിയാണ് ഏറ്റവും മനോഹരം. നിഹാലിന്റെ പറമ്പിലുള്ള കുളത്തിലാണ് കളി കഴിഞ്ഞ് ഞങ്ങള്‍ കുളിക്കാറ്. നിഹാലിന്റെ ഉമ്മ വന്ന് വഴക്ക് പറയും വരെ കുളി തുടരും. വിയര്‍ത്ത് വന്ന് കുളത്തിലേക്ക് ഒറ്റചാട്ടമാണ്. എന്ത് രസമാണെന്നറിയോ വിയര്‍ത്ത് വന്ന് തണുത്ത വെള്ളത്തല്‍ കുറെ നേരം നീന്തിക്കുളിക്കാന്‍.

നീന്താന്‍ അറിയാത്ത ഫാസിലും മനുവും കരയില്‍ നിന്ന് ഞങ്ങളെ നോക്കി നില്‍ക്കും. കുളത്തില്‍ ഇറങ്ങിയാല്‍ മുങ്ങിപ്പോകുമെന്ന് പേടിയാണവര്‍ക്ക്. കുളികഴിഞ്ഞ്് നേരെ വീട്ടിലേക്ക് പിന്നെ പ്രര്‍ത്ഥനയും മറ്റും കഴിഞ്ഞ് ഭക്ഷണം കഴിക്കും. ചില ദിവസങ്ങളില്‍ ചായയും ചെറു കടികളും ചില ദിവസങ്ങളില്‍ ചോര്‍. പിന്നെ നേരെ ടി.വിയുടെ മുന്നിലേക്ക്. പഠനത്തിന്റെ ഭാരമില്ലാത്ത രാത്രികള്‍.

ഉമ്മയും ഇത്തയുമെല്ലാം സീരിയിലാണ് കാണാറ്. ഏറെ നേരം അവരുമായി അടിപിടി കൂടിയാണ് റിമോര്‍ട്ട് കൈയ്യിലാക്കുന്നത്. നേരെ സ്‌പോര്‍ട്സ് ചാനല്‍ വെക്കും. പഴയ ഫുട്‌ബോള്‍ കളികള്‍ കാണും. അല്ലങ്കില്‍ സിനിമ കാണും. അപ്പോഴേക്കും ഉപ്പ എത്തും. ആകാംക്ഷയോടെയാണ് ഉപ്പായുടെ വരവിനെ കാത്തിരിക്കാറ്. കാരാണം എന്തെങ്കിലുമൊക്കെ കഴിക്കാന്‍ വാങ്ങിയായിരിക്കും ഉപ്പ എത്തുക. ഉറക്കം വരുന്നതുവരെ ടി.വി കാണും. നാളത്തെ കളിയെ ഓര്‍ത്ത് ഉറങ്ങും.

സ്‌കൂള്‍ അവധി ആയാതിനാല്‍ കുടുംബക്കാരെല്ലാം വീട്ടില്‍ വരും. കുറെ കാലത്തിന് ശേഷം അവരുമായി കളിക്കാനള്ള അവസരമാണ് ഓരോ അവധിക്കാലവും.

വൈകുന്നേരമായാല്‍ നേരെ പാടത്തേക്ക്. പിന്നെ പൊരിഞ്ഞ കളിയാണ്. അങ്ങനെ കളിച്ചും, കുളിച്ചും, ഭക്ഷണം കഴിച്ചും ടി.വി കണ്ടും ദിനങ്ങള്‍ പോയതറിഞ്ഞില്ല. പിന്നെ സ്‌കൂളിലെ റിസള്‍ട്ട് വന്നു. സ്‌കൂള്‍ തുറക്കാറായി. അടുത്ത വര്‍ഷത്തേക്കുള്ള സാധനങ്ങളും പുസ്തകവുമെല്ലാം വാങ്ങി, സ്‌കൂളിലേക്കുള്ള ഒരുക്കമാണ്. ഇത്താത്തയാണ് എല്ലാവര്‍ഷവും പുസ്തകങ്ങള്‍ പൊതിഞ്ഞു തരുന്നത്.

പുതിയ ക്ലാസ്സിലേക്ക് പോകാനുള്ള കാത്തിരിപ്പാണ് പിന്നെ. ദിവസങ്ങള്‍ കടന്നു പേകും. സ്‌കൂള്‍ തുറക്കുന്നതിനു തലേ ദിവസത്തെ കളി കുറച്ച് നേരത്തെ തുടങ്ങി. അവധിക്കാലത്തെ മുഴവന്‍ ആഘോഷങ്ങളുടെയും അവസാനം ആ കളിയില്‍ തീര്‍ത്തു. പിന്നെ നേരെ കുളത്തിലേക്ക്. നീന്തി കുളിച്ച് കുറച്ച് നേരം കഥ പറഞ്ഞ് വീട്ടിലേക്ക്.

വീണ്ടും സ്‌കൂളിലേക്ക് പോകുന്നതിന്റെ ആവേശവും അവധിക്കാലം തീരുന്നതിന്റെ സംങ്കടവും നിറഞ്ഞ നിമഷങ്ങള്‍. പുതിയ കൂട്ടുകാര്‍ പുതിയ കാര്യങ്ങള്‍ ഇതെല്ലാം സ്വപ്ന കണ്ടാണ് അന്ന് ഉറങ്ങിയത്.

നിഹാലിന്റെ കാലിലും തലയിലും മുറിവ് പറ്റിയതൊഴിച്ചാല്‍ ഈ അവധിക്കാലം മനോഹരമായിതന്നെ ആഘോഷിച്ചു. ഇനി കാത്തിരിപ്പാണ് സ്‌കൂളിനു അവധി കിട്ടാനായി. കളിയും ചിരിയും കുളിയും തിരിച്ചെത്തുന്ന ദിവസത്തിനായി.