കണ്ണു നനയിപ്പിച്ച അവധിക്കാലം

. ഷൈഖ ശുകൂര്‍

എല്ലാ അവധിക്കാലവും എനിക്ക് ആഘോഷമായിരുന്നു. പക്ഷേ ഈ അവധിക്കാലം എനിക്ക് ആഘോഷിക്കാന്‍ സാധിച്ചില്ല. ഈ അവധിക്കാലം വളരെ വ്യത്യസ്തമായിരുന്നു. അതിന് കാരണവുമുണ്ട്. ഏപ്രില്‍ നാലിനാണ് അത് സംഭവിച്ചത്. ഞാനും എന്റെ വീട്ടുകാരും എന്റെ ഉമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ഏപ്രില്‍ നാലിന് ഞങ്ങള്‍ അവിടെയാണ് അവിടെയായിരുന്നു. അവിടെ എല്ലാവരും ഒത്തുകൂടിയ സന്തോഷത്തിലായിരുന്നു. പെട്ടെന്നാണ് ഉമ്മാന്റെ ഫോണിലേക്ക് ആ വിളി വന്നത്. ആദ്യം ഇത്രേ പറഞ്ഞുള്ളൂ, ‘ഉമ്മാക്ക് തീരെ വയ്യ, നീ പെട്ടെന്ന് വാ’ എന്നിട്ട് ഫോണ്‍ കട്ടാക്കി.

വിളിച്ചത് എന്റെ മാമിയായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോന്നു. വണ്ടിയിലിരിക്കുന്ന സമയത്ത് എന്റെ താത്താനോട് ഉമ്മ പറഞ്ഞത് ‘ഒന്ന് വിളിച്ചുനോക്കാ ഉമ്മാനെ, ഏത് ഹോസ്പിറ്റലിലേക്കാണ് കൊണ്ടോയ്ക്കണേന്ന് ചോദിക്ക്, മാമീനോടെന്ന്.’ താത്ത വിളിച്ചു. ഫോണ്‍ കട്ടാക്കുന്നതിനു മുമ്പ് തന്നെ അവളുടെ കണ്ണ് നിറയാന്‍ തുടങ്ങി.

ഞാന്‍ ചോദിച്ചു എന്താ പറഞ്ഞത്, ആദ്യം അവളൊന്നും പറഞ്ഞില്ല. പിന്നെ അവള്‍ പറഞ്ഞു, ഉമ്മ മരിച്ചെന്ന്. അത് കേട്ടപ്പോള്‍ തന്നെ എന്റെ കണ്ണ് നിറഞ്ഞു. വീട്ടിലെത്തിയപ്പോഴേക്കും ആള്‍ക്കൂട്ടമുണ്ടായിരുന്നു മുറ്റത്ത്. ഞാന്‍ വീടിന്റെ ഉള്ളിലേക്ക് ഓടി.

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം ഞാന്‍ കണ്ട കാഴ്ച എനിക്കു താങ്ങാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. വെള്ളശീലകളില്‍ പൊതുഞ്ഞുകിടക്കുന്ന എന്റെ ഉമ്മൂമ്മ.

എനിക്ക് എന്നെ തന്നെ വിശ്വസിക്കാനായില്ല. സ്നേഹം മാത്രം എനിക്കു തന്ന, ഞങ്ങളെ ഒരിക്കലും ചീത്തപറയാത്ത ഞങ്ങളുടെ സ്വന്തം വലിയുമ്മ. പൊട്ടിക്കരയാന്‍ വിതുമ്പിനിന്ന എന്റെ തോളിലേക്ക് പെട്ടെന്ന് ഒരു കൈ വന്നു. എന്റെ താത്ത. ഞാന്‍ അവളുടെ നെഞ്ചിലേക്ക് ചാരിക്കിടന്നു. അങ്ങനെ അഞ്ചുമണിയായപ്പോഴേക്കും മയ്യത്തെടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ ഞാനൊരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്തതാരിയുന്നു.

ദു:ഖം മാത്രം നിറഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടുള്ളതായിരുന്നു. സന്തോഷം മാത്രം കൂട്ടായിരുന്ന ഞങ്ങളുടെ കുടുംബത്തില്‍ പെട്ടെന്ന് സംഭവിച്ച അപകടം ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു. ആ ഒരു സംഭവത്താല്‍ എല്ലാവരും തളര്‍ന്നു. അങ്ങനെ ഈ അവധിക്കാലം തീര്‍ന്നു. ഒരിക്കലും മറക്കാനാവാത്ത വേദനയുടെ കാലം.