അത്രമേല്‍ ഇഷ്ടം തോന്നിയ അവധിക്കാലം…

• ജന്നത്ത് ബീബി

9ാം ക്ലാസ് കഴിഞ്ഞുള്ള എന്റെ വേനല്‍ അവധിക്ക് മനസില്‍ ആദ്യം ഓടിയെത്തിയത് ‘പടച്ചോനെ അടുത്തത് പത്താം ക്ലാസ് ആണല്ലോ’ എന്നായിരുന്നു. ഇനിയിപ്പോ വെക്കേഷന്‍ ക്ലാസ് തുടങ്ങുമല്ലോ എന്നായി അടുത്ത ചിന്ത. പിന്നെ ഇത്തവണത്തെ ചൂട് കാരണം ക്ലാസ് ഉണ്ടാവില്ലെന്ന് അറിഞ്ഞതോടെ ആശ്വാസമായി. കൂടെയുള്ളവരൊക്കെ ആദ്യത്തെ ഒരുമാസം അടിച്ച് പൊളിച്ച് മെയ് മാസം ആയപ്പോഴേയ്ക്കും ട്യൂഷന് പോവാന്‍ തുടങ്ങി. ഞാന്‍ അതിനും പോയില്ല. മനസില്‍ പേടിയുണ്ടെങ്കിലും സ്‌കൂളില്‍ നിന്ന് തന്നെ പുസ്തകമെടുത്ത് പഠിക്കണം എന്ന് തോന്നിയിരുന്നില്ല. ഇതിനെല്ലാം ഉപരി ബാബ ഇല്ലാതെ എങ്ങനെ വീട്ടിലിരുന്ന് രണ്ട് മാസം തീര്‍ക്കും എന്നതായിരുന്നു സങ്കടം.

ബാബ ഗള്‍ഫിലാണ്. സാധാരണ വെക്കേഷനുകളില്‍ വീട്ടിലിരിക്കുന്ന പതിവ് കുറവായിരുന്നു. എപ്പോഴും പുറത്തു പോകണം എന്ന ചിന്ത മാത്രമാണെനിക്ക്. അങ്ങനെ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ എന്റെ അവധിക്കാലം ആരംഭിച്ചു.

വീട്ടില്‍ ഒരുപാട് കുട്ടികളുണ്ട്. കുറച്ചു ദിവസം എല്ലാവരുമൊത്ത് അടിച്ചു പൊളിച്ച് തീര്‍ത്തു. ഒരു ദിവസം ഞങ്ങള്‍ പുഴയിലൊക്കെ പോയി. കൂട്ടത്തില്‍ ഏറ്റവും ചെറുത് നൈന ആണ്. ഒന്നരവയസേ ഉള്ളൂ. പുഴയും വെള്ളവും ഞങ്ങളേക്കാള്‍ ജീവനാണ് അവള്‍ക്ക്. എത്ര കര കേറ്റിയിരുത്തിയാലും വെള്ളത്തിലേക്ക് ഓടി വരുന്ന ആള്‍. എന്നാല്‍ മറ്റ് ചില കസിന്‍സിന് പേടിയാണ്. അവരെ എത്ര വിളിച്ചാലും കരയോട് ചേര്‍ന്നുളള വെള്ളത്തില്‍ കളിക്കുകയേയുള്ളൂ. അങ്ങനെ ആ പേടി മാറ്റണം എന്ന് തീരുമാനിച്ച് അവരെ ഒക്കെ ഓടിച്ചിട്ട് പിടിച്ച് വെള്ളത്തില്‍ കൊണ്ടു വന്ന് ഇടുകയായിരുന്നു ഞങ്ങള്‍ക്ക് പണി. അങ്ങനെ ആ ദിവസങ്ങള്‍ കഴിഞ്ഞു.

പിന്നീട് ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി അടുത്തുള്ള നിളാ പാര്‍ക്കില്‍ പോയി. ഐസ്‌ക്രീമും കളികളും തമാശകളും ഫോട്ടോ എടുക്കലുമെല്ലാമായിട്ട് അതും കഴിഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാവരും അവരവരുടെ ഉമ്മമാരുടെ വീടുകളില്‍ പോയി.

ഞാന്‍ മമ്മയോടൊപ്പം ഒറ്റയ്ക്കായി. ബോറടിച്ചിരുന്ന സമയത്ത് കുറച്ച് കളര്‍ പേപ്പറും പശയും കത്രികയും എടുത്തിരുന്ന് ഓരോന്ന് വെട്ടിയെടുക്കാനും ഒട്ടിക്കാനും പൂക്കളുണ്ടാക്കാനുമൊക്കെ തുടങ്ങി. അവയെല്ലാം കൊണ്ട് മുറി അലങ്കരിച്ചു. ദീദിയുടെ പെയന്റ് അടിച്ച് മാറ്റി അത് കൈയ്യിലാക്കിയിട്ട് ചുമരില്‍ പതിച്ചു. പിന്നെ അടുക്കളയില്‍ ഒരുപാട് പരീക്ഷണങ്ങളുമെല്ലാമായിട്ട് സമയം പോകാതിരുന്നില്ല. കേക്ക് ഉണ്ടാക്കല്‍ ആയിരുന്ന പ്രധാന പരീക്ഷണം.

കുറച്ച് ദിവസം വല്യുമ്മയുടെ വീട്ടില്‍ പോയി നിന്നു. വീണ്ടും കുറച്ച് അടിപൊളി ദിവസങ്ങള്‍. മാങ്ങയും ചക്കയും ഞാവല്‍ പഴവും എല്ലാം കൂടി ഒരു ഉല്ലാസം. അവിടെ ഒത്തിരി പേരുണ്ട്. രസകരമായിരുന്നു ഓരോ നിമിഷവും. ഫോട്ടോയെടുത്തു ഗള്‍ഫിലുള്ളവര്‍ക്ക് അയച്ച് കൊടുത്ത് കൊതിപ്പിച്ചു. പിന്നെ അവിടുന്നും തിരിച്ച് വീട്ടിലേക്ക്.

അപ്പോഴാണ് പെട്ടെന്ന് ഒരു വിളി വന്നത്. ചാച്ച ദുബായില്‍ നിന്നും വീട്ടിലേക്ക് വരുന്നു എന്ന്. പോയവരെല്ലാം വീട്ടിലേക്ക് തിരികെ എത്തി. വിളി വന്നത് ചാച്ചയുടേതായിരുന്നില്ല. ചാച്ച രഹസ്യമായി വന്നതായിരുന്നു. പക്ഷെ കള്ളി വെളിച്ചത്തായത് പിന്നീടാണ് അറിഞ്ഞത്. വീണ്ടും എല്ലാവരും ഒത്തു ചേര്‍ന്ന് മിഠായും കളിക്കോപ്പകളുമെല്ലാമായി ചില മധുരകരമായ ദിവസങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞ് ചാച്ചയും പോയി. ബാക്കി എല്ലാരും രണ്ട് ദിവസം കഴിഞ്ഞും പോയി. വീണ്ടും ഞാനും മമ്മയും ഒറ്റയ്ക്ക്.

പെട്ടെന്നൊരു ദിവസം 10ാം ക്ലാസിന്റെ റിസള്‍ട്ട് വന്നതിന്റെ ചര്‍ച്ചയായി. കുടുംബത്തിലും കൂട്ടുകാരിലും ഒരുപാട് പേര്‍ ഇത്തവണ പരീക്ഷ എഴുതിയിരുന്നു. എല്ലാവരേയും വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. അതോടൊപ്പം ഞാനും 10ാം ക്ലാസ് ആയിരുന്നു എന്ന് കരുതി കുടുംബങ്ങളില്‍ നിന്ന് വീട്ടിലേക്ക് വിളിയോട് വിളി. 10ാം ക്ലാസ് ആയിരുന്നില്ല ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഫുള്‍ A+ മേടിക്കണം എന്ന് മാത്രമേ എല്ലാവര്‍ക്കും പറയാനൊള്ളൂ. 10ാം ക്ലാസിലെ റിസള്‍ട്ട് വരുമ്പോഴാണ് നമുക്ക് എത്ര കൂട്ടുകാരും കുടുംബക്കാരുമുണ്ടെന്നത് അറിയുന്നത് എന്ന് പറയുന്നത് വെറുതയല്ലെന്ന് ഉറപ്പായ ദിവസങ്ങളായിരുന്നു പിന്നെ അങ്ങോട്ട്. കാണുന്നവര്‍ക്കെല്ലാം ആദ്യം പറയാനുള്ള വാക്ക് ഫുള്‍ A+ എന്നായിരുന്നു. ഒരു വിധത്തില്‍ മുങ്ങി നടന്നു ആ ദിവസങ്ങളില്‍.

അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ചങ്ങാതിയുടെ പിറന്നാള്‍ വന്നത്. ഞാനും കൂട്ടുകാരും ചേര്‍ന്ന് അവളുടെ വീട്ടില്‍ പോയി. ഒന്നര മാസത്തിന് ശേഷമുളള ഞങ്ങളുടെ കൂടിക്കാഴ്ച്ച. പരസ്പരം തടിച്ചു, വെളുത്തു എന്നൊക്കെ പറഞ്ഞ് കളിയാക്കി തുടക്കമിട്ടു. അവള്‍ക്കു സമ്മാനങ്ങളൊക്കെ കൊടുത്തു. ഉച്ചയ്ക്ക് അടിപൊളി കോഴി ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചു. പുതിയ ഒരു ചങ്ങാതിയേയും പരിചയപ്പെട്ടു. ഒത്തിരി ഫോട്ടോ എടുത്തു. കേക്ക് മുറിച്ചു. അവളെ ആകെ കേക്കില്‍ കുളിപ്പിച്ചു. പിന്നെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കേക്ക് തേക്കാന്‍ തുടങ്ങി. മടക്കയാത്രയ്ക്ക് സമയമായപ്പോള്‍ അങ്ങാടിയില്‍ കൊണ്ടു പോയി വിടാമെന്ന് അവളുടെ ഇക്കാക്ക പറഞ്ഞു. വീട്ടില്‍ നിന്ന് അങ്ങാടിയിലേക്കുള്ള ആ യാത്ര ഒരിക്കലും മറക്കാനാവുന്നില്ല. അട്ടിയട്ടിയായി കാറില്‍ കുത്തിനിറച്ചു കൊണ്ടായിരുന്നു പോയത്. ആളുകളെല്ലാം ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആ ദിവസവും കഴിഞ്ഞു പോയി.

രണ്ട് ദിവസത്തിന് ശേഷം സ്‌കൂളില്‍ ഒരു മോട്ടിവേഷന്‍ ക്ലാസുണ്ടായിരുന്നു. എല്ലാവരേയും അന്ന് പിന്നേയും കണ്ടുമുട്ടി. തിരിച്ച് വീട്ടിലേക്ക്.

അങ്ങനെ റംസാന്‍ തുടങ്ങി. സ്‌കൂള്‍ തുറക്കാനായതിന്റെ സന്തോഷവും സങ്കടവും കൂടെ, ഫുള്‍ A+, പത്താം ക്ലാസാണ് എന്നതിന്റെ ഒക്കെ പേടിയും. ഇതാണ് എന്റെ ഇത്തവണത്തെ അവധിക്കാലം