ഇനിയുമൊരു അവധിക്കാലം ഇതുപോലെ ആഘോഷിക്കാനാവണേ….

• നവ്യ വത്സന്‍

ഹോ! അങ്ങനെ കാത്തുകാത്തിരുന്ന് അവധിക്കാലമെത്തി. ഇത്രയും നാള്‍ പരീക്ഷയുടെ ചൂടിലായിരുന്നു. അവിടെ പോവരുത്, ഇവിടെ പോവരുത്, രാവിലെ എഴുന്നേറ്റ് പഠിക്കണം, കല്ല്യാണമില്ല, വീട്ടില്‍ കൂടലില്ല എന്തിനധികം പറയുന്നു സ്വന്തം മാമന്റെ മകന്റെ കുഞ്ഞിന്റെ 28നുപോലും പങ്കെടുപ്പിച്ചില്ല.

എന്നേക്കാള്‍ ആവലാതി എന്റെ വീട്ടുകാര്‍ക്കായിരുന്നു. ജ്യൂസുകുടിപ്പിക്കലും ഫ്രൂട്ട്‌സ്‌കഴിപ്പിക്കലും എന്തൊക്കെയായിരുന്നു. അങ്ങനെ എസ്.എസ്.എല്‍.സി പരീക്ഷ ശൂ… എന്നങ്ങു കഴിഞ്ഞുപോയി. പിന്നെ ഞങ്ങളുടെ സ്വര്‍ഗകവാടം തുറക്കുകയായി. നീണ്ടുനീണ്ടകിടക്കുന്ന അവധിക്കാലം.

ബുക്കുകളോ പേനകളോ അസൈന്‍മെന്റുകളോ ഇല്ലാത്ത നാവിലുവെള്ളമൂറുന്ന മാമ്പഴങ്ങളുമൊക്കെയുള്ള അണ്ണാരക്കണ്ണനും കാക്കക്കഴുവെരിയുമൊക്കെ ചങ്ങാത്തം കൂടാനെത്തുന്ന ഒരു വലിയ ലോകം. ചരടുപൊട്ടിയ പട്ടത്തെപ്പോലെ പാറിപ്പറന്നു നടക്കാനുള്ള ദിവസങ്ങള്‍. പക്ഷെ ഇങ്ങനെ കുന്നോളം ആഗ്രഹിക്കുക എന്നല്ലാതെ അതെങ്ങനെ സഫലമാക്കും? അതായിരുന്നു അടുത്ത ചിന്ത.

ഇപ്പോള്‍ പഴയതുപോലെയല്ലല്ലോ, ഞാനൊരുപാട് മുതിര്‍ന്നിരിക്കുന്നു. കാക്കയുടെയും കോഴിയുടെയുമൊക്കെ പിന്നാലെ പോയാല്‍ ആളുകള്‍ കളിയാക്കില്ലേ.. ഒരിക്കല്‍ പല്ലുതേക്കാനായി ഉമിക്കരിയും കയ്യിലെടുത്ത് അത് പൊടിച്ചുകൊണ്ട് വീട്ടിന്റെ വളപ്പിലൂടെ നടക്കുമ്പോഴായിരുന്നു മനോഹരമായ കുയിലിന്റെ പാട്ടുകേള്‍ക്കുന്നത്.

ശരിക്കും ഞാനതു മറന്നുപോയിരിക്കുന്നു. അതെങ്ങനെയാ ഒരുവര്‍ഷക്കാലത്തോളം വല്ലാത്ത ഒരുതരം തടങ്കലടിച്ചതുപോലെയായിരുന്നില്ലേ. ശരിക്കും എല്ലാരും വിചാരിക്കുന്നതുപോലെ പത്താംക്ലാസ് വലിയ ഒരു സംഭവമാണോ? എന്തായാലും എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല. പക്ഷേ വീടുകഴിഞ്ഞാല്‍ സ്‌കൂള്‍ സ്‌കൂള്‍ കഴിഞ്ഞാല്‍ വീട്. അതുമാത്രമായിരുന്നു. അതിനിടയില്‍ ഒടുക്കത്തെ ഒരു ട്യൂഷനും. പുറംലോകം കണ്ടിരുന്നില്ല. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ആറേമുക്കാല്‍ ഏഴുമണി എന്നൊരു സമയം വല്ലാത്തൊരു സമയം തന്നെയായിരുന്നു.

എന്നും രാവിലെ ആറേമുക്കാലിന്റെ ബസ്സിനുപോലും അതുകിട്ടിയില്ലെങ്കില്‍ ഏഴുമണിയുടേതിന്. തിരിച്ചുവരുന്നതോ ഇതേസമയത്തുതന്നെ പിന്നെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോഴേക്കും പാതിരാത്രിയായിക്കാണും. എല്ലാ ബുക്കും ഒന്ന് മറിച്ചിട്ടുനോക്കാന്‍ പോലും സമയമുണ്ടാവില്ല. പിന്നെ കാട്ടിക്കൂട്ടിയൊരു പഠിത്തമാണ്. പക്ഷെ അതിനിടയില്‍ ക്ഷണിക്കാതെ വരുന്ന ഒരു അതിഥിയുണ്ട്. അവനേക്കാള്‍ വലിയ മറ്റൊന്നുമില്ലായെന്നു ചിന്തിപ്പിക്കുന്ന ഒരു മാന്ത്രികന്‍. അവന്റെ പേരാണ് സാക്ഷാല്‍ ഉറക്കം. അവന്‍ വന്നുകഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല.

പിറ്റേദിവസം പരീക്ഷയാണെങ്കില്‍പോലും അതൊന്നും വകവെക്കാതെ അവന്റെകൂടെയങ്ങുപോകും. അതായിരുന്നു എന്റെ സ്വഭാവം. പക്ഷെ എന്നെപ്പറഞ്ഞിട്ടും കാര്യമില്ല, രാവിലെ മുതല്‍ വൈകുന്നേരം വരെ മാറിമാറിവരുന്ന ടീച്ചേഴ്‌സിന്റെ ശബ്ദവും അടിയും കുത്തും ചവിട്ടും പോരാത്തതിന് ഒരിക്കലും തീരാത്ത ഒരു ക്ലാസ്‌ടെസ്റ്റും അതൊക്കെ കഴിഞ്ഞ് പിന്നെ ബസ്സില്‍ കയറാനുള്ള ഗുസ്തിയും… ഹമ്പ! പിന്നെ ക്ഷീണിക്കാതെയെവിടെപ്പോകാന്‍.

ങ്ഹാ ഇനി കഴിഞ്ഞതിനെക്കുറിച്ചൊക്കെ എന്തിനോര്‍ക്കണം. എന്തൊക്കെയായിരുന്നാലും വിശ്രമമില്ലാത്ത ആ ഓട്ടത്തിനുമുണ്ടായിരുന്നു അതിന്റെയൊരു സുഖം. മറ്റൊരിക്കലും കിട്ടാതിരുന്ന മറ്റെന്തോ ഒരു സുഖം…

പക്ഷേ കാത്തുകാത്തിരുന്ന അവധിക്കാലമെത്തിയിട്ടും ഒരു ത്രില്ലില്ലായിരുന്നു. പുറത്തിറങ്ങാന്‍ പോലും തോന്നിയില്ല. വീടിനുള്ളില്‍ത്തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. സിനിമാലോകത്തൂടെ സഞ്ചരിച്ചപ്പോഴും അടുക്കളയില്‍ നിന്നും ചിലതൊക്കെ പഠിച്ചെടുക്കാനും ശ്രമിച്ചു. വീടിനടുത്തൊന്നും എന്റെ അതേപ്രായമുള്ളവരാരുമില്ലായിരുന്നു. ഉള്ളവരാണെങ്കില്‍ വീടിനുള്ളില്‍ത്തന്നെ ഒതുങ്ങിക്കൂടാനിഷ്ടപ്പെടുന്നവരും.

നീണ്ടുനീണ്ടുനില്‍ക്കുന്ന ബോറടി മാത്രം. എന്റെ മനസ് എന്തൊക്കെയോ ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊന്നും സ്വായത്തമാക്കാന്‍ കഴിയാത്ത നിരാശയായിരുന്നു എനിക്ക്. അങ്ങനെയിരിക്കെയാണ് നിനച്ചിരിക്കാതെയൊരു വസന്തകാലം കടന്നുവരുന്നത്. പക്ഷേ വസന്തത്തിന്റെ വരവ് കുറച്ചൊന്നു വേദനിപ്പിച്ചെന്നു മാത്രം. ചേച്ചിയുടെ പ്രസവത്തോടനുബന്ധിച്ച് അമ്മയും അച്ഛനുമൊക്കെ ചേച്ചിയുടെ കൂടെ ഹോസ്പിറ്റലിലായിരുന്നു. അപ്പോള്‍ എന്നെയും അനിയത്തിയേയും അമ്മയുടെ വീട്ടിലാക്കിയിരുന്നു. പിന്നെ ആഘോഷത്തിന്റെ നീണ്ട ഒരു വേളയായിരുന്നു.

ആദ്യത്തെ ഒരു ദിവസം മനസിന് ചെറിയൊരു വിങ്ങലായിരുന്നു. അവരെയൊക്കെ പിരിഞ്ഞതിന്റെയാവാം. പക്ഷേ പിന്നെ ഒരു ഉത്സവമായിരുന്നു. വീടിനുചുറ്റും വലിയ വയലും മാവും കിളികളും ഞാനാഗ്രഹിച്ചതിനേക്കാള്‍ എത്രയോ വലിയ ലോകം.

പിന്നെ പതിവുചട്ടങ്ങളൊക്കെ മാറി. രാവിലെ എഴുന്നേറ്റു മാങ്ങപെറുക്കാന്‍ പോവാനും വയലേലയില്‍ പോയിരിക്കാനും തുടങ്ങി. പഴുത്തമാങ്ങ ചെത്തിയിട്ട് കുരുമുളക്‌പൊടിയും ഉപ്പും ചേര്‍ന്ന് തിന്നുന്നതു പോരാഞ്ഞിട്ട് പച്ചമാങ്ങയും പറിച്ച് ഉപ്പും മുളകും കൂട്ടി കറുമുറാ തിന്നിരുന്നു. ഹോ! അത് കാണുമ്പോള്‍ തന്നെ വായില്‍ കൊതിയൂറി അണ കോച്ചിപ്പോവും.

അവിടെ അടുത്തവീട്ടിലൊക്കെ ധാരാളം കുട്ടികളുമുണ്ടായിരുന്നു. അവരുടെ കൂടെ കളിക്കുമ്പോഴൊന്നും പ്ലസ് വണ്‍ എത്തിയ ഒരു കുട്ടിയാണെന്ന ബോധം എനിക്കില്ലായിരുന്നു. അവര്‍ക്കുമില്ലായിരുന്നു. അപ്പോള്‍ ഞങ്ങളെല്ലാം സമപ്രായക്കാരായിരുന്നു. ഒന്നിനെപ്പറ്റിയും ചിന്തയില്ലാതെ മറന്നാഘോഷിച്ച വേളകള്‍.. പിന്നെ രാവിലെത്തന്നെ എഴുന്നേറ്റു മുല്ലപെറുക്കാനും അത് കോര്‍ത്ത് അവരുടെ തലയില്‍ വെച്ചുകൊടുക്കാനും എനിക്ക് പ്രത്യേക ഉത്സാഹമായിരുന്നു.

ഒരു അവധിക്കാലത്തും ഒരു കുട്ടിയും കഴിക്കാത്തത്രയും ചക്കരത്തേനൂറുന്ന നാട്ടുമാങ്ങ കുറഞ്ഞ ദിവസങ്ങള്‍കൊണ്ടുതന്നെ ഞാനകത്താക്കിയിരുന്നു. രണ്ടാഴ്ചയോളം മാത്രമേ അവിടെ നിന്നിരുന്നുള്ളൂവെങ്കിലും രണ്ടുമാസത്തെ അവധിക്കാലം ഒരുമിച്ചുകിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. പിന്നെ കൊതിയൂറുന്ന വിഭവങ്ങളുണ്ടാക്കാനും ഞങ്ങള്‍ മറന്നില്ല. മാമ്പഴപ്പുളിശേരി, മാംഗോ ഷെയ്ക്ക്, ചക്കപ്പായസം അങ്ങനെ നീണ്ടുനീണ്ടുപോവുന്നു..

ഇനിയുമൊരു അവധിക്കാലം ഇതുപോലെ ആഘോഷിക്കാനാവണേ എന്നാണിപ്പോഴത്തെ ആഗ്രഹം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോയത്. ഇനിയും ഒരുപാട് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടേയും ആഘോഷത്തിമിര്‍പ്പിന്റെയും ഒരു അവധിക്കാലത്തിനായി കാത്തിരിക്കാം… ആരെയും പറഞ്ഞറിയിക്കാനാവാത്ത സുന്ദരമായ നിമിഷങ്ങള്‍ക്കുവേണ്ടി…