എന്റെ വേനലവധിക്കാലം

• നിഫ്ത

മാര്‍ച്ച് 28ന് ആയിരുന്നു സ്‌കൂള്‍ അവധിക്കാലം തുടങ്ങിയത്. വളരെ സന്തോഷപൂര്‍വ്വമേ ഞാന്‍ വേനലവധിയെ കണ്ടിട്ടുള്ളൂ. പിറ്റേദിവസം എന്റെ അമ്മായിയും മക്കളും ദുബൈയിലേക്ക് പോയി. പതിവുപോലെ ഞാന്‍ ഉമ്മയുടെ വീട്ടിലേക്കും. അവധിക്കാലമായതുകൊണ്ട് ഉമ്മയുടെ വീട്ടില്‍ എല്ലാ കുടുംബക്കാരും വന്നിരുന്നു. കുറച്ചുദിവസം ഞാന്‍ അവരുടെ കൂടെ ചിലവഴിച്ചു. പിന്നീട് അവര്‍ എല്ലാവരും യാത്രയായി.

അവര്‍ പോയ ദിവസം മുതല്‍ ഞാന്‍ ഉമ്മയുടെ വീട്ടില്‍ ബോറടിച്ചിരിക്കാന്‍ തുടങ്ങി. പിന്നീട് ഞാന്‍ എന്റെ മാമന്റെ വീട്ടിലേക്ക് പോയി. അവിടെ മാമന്റെ കുട്ടിയുടെ കൂടെ ചിലവഴിച്ചു.

പിന്നീട് എന്റെ കൂട്ടുകാര്‍ അവധിക്കാലത്തെ ക്ലാസ് തുടങ്ങിയെന്ന് എന്നെ വിളിച്ചുപറഞ്ഞു. അതിനാല്‍ ഞാനും ഉമ്മയും ഉമ്മയുടെ വീട്ടില്‍ നിന്ന് പോന്നു. പിറ്റേദിവസം സര്‍പ്രൈസ് നല്‍കിക്കൊണ്ട് ഉപ്പ ദുബൈയില്‍ നിന്നും വീട്ടിലേക്കു വന്നു. ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു. കാരണം ഇനിയുള്ള ദിവസം ഉപ്പയുടെ കൂടെ ചിലവഴിക്കാമെന്നു കരുതി.

ഉപ്പവന്ന പിറ്റേദിവസം തന്നെ ഞങ്ങള്‍ കുടുംബങ്ങള്‍ എല്ലാവരും കൂടി പല സ്ഥലങ്ങളിലും പോയി. പിന്നീട് ഞങ്ങള്‍ ഒരു യാത്രപോകാന്‍ തീരുമാനിച്ചു. മൂന്നാറിലേക്കും കൊടൈക്കനാലിലേക്കുമായിരുന്നു യാത്ര. അവിടെ ചിലവഴിച്ച ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. പക്ഷേ മഴ കാരണം ഞങ്ങള്‍ക്ക് ചില സ്ഥലങ്ങള്‍ കാണാനായില്ല. യാത്രയ്ക്കിടയില്‍ എന്റെ സഹോദരന്റെ പന്ത്രണ്ടാം ക്ലാസിലെ റിസര്‍ച്ച് അറിഞ്ഞു. അത് മൂന്നാറില്‍വെച്ച് ആഘോഷിച്ചു.

മൂന്നാറില്‍ ഞാന്‍ ഇതുവരെ കാണാത്ത കാപ്പി പൊടി നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടു. ഞങ്ങള്‍ അവിടുന്ന് കാപ്പി പൊടി വാങ്ങിച്ചു. രണ്ടുദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ യാത്ര തിരിച്ചു.

പിന്നീട് മെയ് 12ന് എന്റെ പിറന്നാള്‍ ആയതുകൊണ്ട് എന്റെ കൂട്ടുകാര്‍ വീട്ടിലേക്കു വന്നു. അവര്‍ സമ്മാനവുമായി വന്നിരുന്നു. എന്റെ പിറന്നാള്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ ആഘോഷിച്ചു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം റമദാന്‍ മാസമെത്തി. വീട്ടില്‍ ഉള്ളവര്‍ക്ക് എല്ലാം നോമ്പ് ഉണ്ടായിരുന്നു. നോമ്പ് തുറക്കാനായി എന്റെ കുടുംബക്കാര്‍ എല്ലാവരും വന്നു. പിന്നീടുള്ള നോമ്പ് ദിവസങ്ങളില്‍ വീട്ടില്‍ പലതരം പലഹാരങ്ങളും ഉണ്ടാക്കിയിരുന്നു.

പിന്നീട് ഞാന്‍ അവധിക്കാല ക്ലാസിനായി പോകാന്‍ തുടങ്ങി. എനിക്ക് പുതിയ കൂട്ടുകാരെയും കിട്ടി. ക്ലാസില്‍ ചില ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തിയിരുന്നു. അതിനാല്‍ ഞാന്‍ വളരെയേറെ ഭയപ്പെട്ടിരുന്നു. ക്ലാസ് തുടങ്ങയതിനുശേഷം 10ാം ക്ലാസാണ് എന്ന് പറഞ്ഞ് ഉമ്മ പഠിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അതിനാല്‍ എനിക്ക് വളരെയേറെ ദേഷ്യം വന്നിരുന്നു.

ഒരു ദിവസം നോമ്പ് തുറയ്ക്ക് എല്ലാവരും വന്നപ്പോള്‍ എന്റെ ഉമ്മ നല്ല രുചിയുള്ള ബിരിയാണി ഉണ്ടാക്കി. ഈ വേനലവധിക്കാലം വളരെ സന്തോഷത്തോടെ ഞാന്‍ കുടുംബവുമായി ചിലവഴിച്ചു.

പിന്നെ ഒരു ദിവസം ഉമ്മയുടെ വീട്ടിലേക്ക് നോമ്പ് തുറക്കാനായി പോയി. പക്ഷെ ബാങ്ക് കൊടുത്തതിനുശേഷമാണ് ഞങ്ങള്‍ എത്തിയത്. അന്നത്തെ മുത്താഴവും അത്താഴവും കഴിഞ്ഞതിനുശേഷം പിറ്റേദിവസമാണ് ഞങ്ങള്‍ അമ്മയുടെ വീട്ടില്‍ നിന്നു തിരിച്ചുപോന്നത്.

ഈദ് വരാറായി എനിക്ക് പുതിയ വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങിച്ചു തന്നു. പത്താം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങളും ബാഗുകളും വാങ്ങിച്ചു.

എന്റെ അവധിക്കാലം കഴിയാറായി. അതുകൊണ്ട് ഞാന്‍ ദു:ഖിതയായി. ഈ അവധിക്കാലത്തെ പോലെ സന്തോഷകരമായ അവധിക്കാലം ഇനിയും ഉണ്ടാവട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.