ശ്ശെ… അവധിക്കാലം എത്ര പെട്ടെന്നു തീര്‍ന്നുപോയി….

• നിമ്മി വല്‍സന്‍

അവധിക്കാലമെന്ന വിസ്മയ സാഗരത്തിലേക്കു കടന്നപ്പോള്‍ തന്നെ മനസില്‍ ആഹ്ലാദം തിരതല്ലുകയായിരുന്നു. സ്‌കൂള്‍ പൂട്ടാന്‍ കാത്തിരിക്കുകയായിരുന്നു നാട്ടുകൂട്ടം. ഞാനും എന്റെ ഫ്രണ്ട്സും സ്‌കൂള്‍ പൂട്ടിയതിന്റെ പിറ്റേന്നു തന്നെ സൈക്കിളുമെടുത്തു ഊരുചുറ്റാനിറങ്ങി. നാട്ടിലെ സകല മാവിലും ഞങ്ങളുടെ കല്ലേറുകൊണ്ടിരുന്നു. ഒരു പത്തന്‍പത് ഏറെറിഞ്ഞാല്‍ മാത്രമേ ഒരു മാങ്ങയെങ്കിലും വീഴുകയുള്ളൂ. വഴിനീളമുള്ള വാമിലുമൊത്തം എറിഞ്ഞു നടക്കുമ്പോള്‍ ഏതെങ്കിലുമൊരു മാവിന്റെ ഉടമസ്ഥന്റെ തലയെങ്ങാന്‍ കണ്ടാല്‍ മതി നിരത്തി ഓട്ടമായിരിക്കും. അങ്ങനെ എത്രയെത്ര മാങ്ങ ഞങ്ങള്‍ കട്ടുപറിച്ചിട്ട് ഉപ്പും മുളകുമിട്ട് സപ്പറടിച്ചിട്ടുണ്ടെന്നോ!

മാങ്ങപറിച്ചതിന്റെ പേരില്‍ എത്ര അടികിട്ടിയാലും വഴക്കുകേട്ടാലുമൊന്നും ഞങ്ങള്‍ക്കൊരു കൂസലുമില്ലായിരുന്നു. ഒരു പക്ഷേ ഞങ്ങളുടെ കൊതി അതിനൊക്കെ എത്രയോ മുകളിലായതുകൊണ്ടാവാം. അല്ലെങ്കിലൊരു പക്ഷേ അതൊക്കെ ഞങ്ങളുടെ ഈ പ്രായത്തിന്റെ കുസൃതിയാവാം…

സ്‌കൂള് പൂട്ടിയാല്‍ പിന്നെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഞങ്ങളെക്കൊണ്ട് ഇരക്കപ്പൊറുതിയുണ്ടാവില്ല. എല്ലാം ഞങ്ങള്‍ തലകീഴായി മറച്ചിട്ടിരിക്കും.

എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഈ അവധിക്കാലത്തെങ്കിലും നീന്തല്‍ പഠിക്കണമെന്ന്. അതേതായാലും സാധിച്ചു. എന്റെ ബന്ധുക്കളെല്ലാം വീട്ടില്‍ വന്നിരുന്നു. അപ്പോള്‍ എന്റെ ഏട്ടനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചു തന്നത്. ഞങ്ങള്‍ പുഴ കാണാന്‍ പോയപ്പോള്‍ ഏട്ടനെന്നെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. അപ്പോഴാണ് ഞാന്‍ ആദ്യമായി നീന്തിയത്. അല്ല പേടിച്ചിട്ടു നീന്തിപ്പോയതാണെന്നു പറയാം. എങ്ങനെയായാലും നീന്തല്‍ പഠിച്ചല്ലോ. അതുമതി.

ഇനി അച്ഛന്‍ ഗള്‍ഫില്‍ നിന്നുവരുമ്പോള്‍ തലയുയര്‍ത്തി പറയാമല്ലോ ഞാനും നീന്തം പഠിച്ചുവെന്ന്. അച്ഛനെന്നു എപ്പോഴും അതും പറഞ്ഞ് കളിയാക്കുമായിരുന്നു. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസങ്ങളായിരുന്നു അവധിക്കാലം. പക്ഷേ അത് വരുന്നതും പോകുന്നതുമൊക്കെ പെട്ടെന്നായിരിക്കും. രണ്ടും മാസം വെറും രണ്ടാഴ്ചകള്‍ പോലെയാണ് കടന്നുപോകുക. സ്‌കൂള്‍ തുറക്കുന്നതിന്റെ തലേദിവസമുണ്ട് താടിക്കു കൈയ്യും കൊടുത്തൊരു ഇരിപ്പ്. ശ്ശെ… അവധിക്കാലം എത്ര പെട്ടെന്നു തീര്‍ന്നുപോയെന്നാലോചിച്ച് സങ്കടപ്പെട്ടൊരിരുത്തം. അപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു ഫീലിങ്സ് ആണ്…

ബാല്യകാലം ശരിക്കുമൊരു വസന്തകാലമാണ്. മറ്റൊന്നിനെപ്പറ്റിയുമുള്ള യാതൊരു ചിന്തയുമില്ലാത്ത നിഷ്‌കളങ്കമായത്. ആഘോഷത്തിന്റെയും ആഹ്ലാദത്തിനിര്‍പ്പിന്റെയും കാലം.

ഇനിയും ഒരുപാട് കളിക്കൂട്ടുകാരും പുതിയ പുതിയ കളികളുമായി മാങ്കനിയുടെ സുഗന്ധവുമായി ഇതിലും നല്ലൊരു അവധിക്കാലം ഞങ്ങളെത്തേടി വരുമെന്ന് പ്രതീക്ഷിക്കുന്നു..